ഈശോയുടെ തിരുഹൃദയ ഭക്തിയുടെ ഭ്രാന്തനായ വൈദികൻ

എല്ലാ വർഷവും പെന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് പത്തൊന്‍പതാം ദിവസമാണ് കത്തോലിക്കാ സഭ ഈശോയുടെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നത്. വെള്ളിയാഴ്ചയിൽ മാത്രം വരുന്ന ഈ തിരുനാൾ ഈ വർഷം ജൂൺ പതിനൊന്നിനാണ് ആഘോഷിക്കുന്നത്. ഈശോയുടെ തിരുഹൃദയഭക്തി ലോകമെമ്പാടും ആഘോഷിക്കുന്ന തിരുനാളാണെങ്കിലും അതിന്റെ പ്രചാരകരിൽ ഒരുവനായിരുന്ന മെസ്ക്കിൽ വൈദീകൻ ജോസ് മരിയ റോബൽസ് ഹുർതാദോയെപ്പറ്റി (Jose Maria Robles Hurtado) കേൾക്കാൻ വഴിയില്ല.

Jose-Maria-Robles-Hurtado-1

1913-ൽ ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ ജോസ് മരിയ, പൗരോഹിത്യവൃത്തിയെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ഒരു നല്ല എഴുത്തുകാരനായിരുന്ന ഈ നവവൈദികൻ, വിശ്വാസപ്രചാരണത്തിനായി നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതുവാൻ ആരംഭിച്ചു. ഈശോയുടെ തിരുഹൃദയത്തിന് തന്നെത്തന്നെ സമർപ്പിച്ച ജോസ് മരിയയ്ക്ക് ദിവ്യകാരുണ്യത്തോടും അതിരില്ലാത്ത സ്നേഹമായിരുന്നു. ഇക്കാരണത്താൽ വൈദികനായി രണ്ടുവർഷം കഴിയുന്നതിനുമുമ്പേ ഈശോയുടെ ദിവ്യകാരുണ്യഹൃദയത്തിന്റെ പീഡിതർ (ദാസർ) എന്നു പേരുള്ള ഒരു സന്യാസ സഭ അദ്ദേഹം ആരംഭിച്ചു. ദിവ്യകാരുണ്യഹൃദയത്തോടുള്ള ഉന്മത്തമായ സ്നേഹം നിമിത്തം ‘ഈശോയുടെ തിരുഹൃദയത്തിന്റെ ഭ്രാന്തൻ’ – Madman of the Sacred Heart എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

ക്രിസ്തുവിനോടുള്ള ജോസ് മരിയ അച്ചന്റെ സ്നേഹം ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കി. കത്തോലിക്കർക്കും ക്രിസ്ത്യൻ സമുദായത്തിനുമെതിരായുള്ള പുതിയ മെക്സിക്കൻ ഭരണഘടന, വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതും പരസ്യപ്രദിക്ഷണങ്ങൾ നടത്തുന്നതും ദൈവാലയത്തിനു പുറത്തുള്ള എല്ലാ ഭക്തിപാരമ്പര്യങ്ങൾക്കും വിലക്കേർപ്പെടുത്തി. പുതിയതായി പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾക്ക് എതിരായിരുന്നു ജോസ് മരിയ റോബൽസ് ഹുർതാദോയുടെ പ്രവർത്തനങ്ങൾ. മെക്സിക്കോയിലെ യഥാർത്ഥ രാജാവായി ക്രിസ്തുവിനെ ബഹുമാനിക്കാനായി ഒരു വലിയ കുരിശുരൂപം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജോസ് മരിയ റോബൽസ് ഹുർതാദോ മുമ്പോട്ടുപോയി. ഇത് പുതിയ നിയമങ്ങളുടെ നഗ്നമായ ലംഘനമായിട്ടാണ് ഭരണാധികാരികൾ കണ്ടത്.

1923-ൽ മധ്യ മെക്സിക്കോയിലെ ലാ ലോമായിലേയ്ക്കു (La Loma) നാൽപതിനായിരം കത്തോലിക്കർ വലിയ കുരിശു സ്ഥാപിക്കാനായി പുറപ്പെട്ടു. കത്തോലികർക്കെതിരായുള്ള പീഡനങ്ങൾ തീവ്രതയിലായി; ജോസ് മരിയ അച്ചൻ ഭരണകൂട വിരുദ്ധപ്രക്ഷോപണങ്ങളുടെ പേരിൽ അധികാരികളുടെ കണ്ണിലെ കരടായി. രാജ്യം വിട്ടുപോകാൻ ഭരണകൂടം നിർബന്ധിച്ചെങ്കിലും കൂദാശകൾ പരികർമ്മം ചെയ്തും രോഗികളെ സന്ദർശിച്ചും കുട്ടികളെ മതബോധനം പഠിപ്പിച്ചും ജോസ് മരിയ അച്ചൻ അവിടെത്തന്നെ തങ്ങി.

1924-ൽ കത്തോലിക്കരെ തീവ്രമായി വെറുത്തിരുന്ന പ്ലൂട്ടർകോ എലിയാസ് കാലെസ് മെക്സിക്കോയിൽ പുതിയ പ്രസിഡന്റായി. കാലെസ്, മെക്സിക്കോയിൽ എല്ലാ മതപരമായ ആചാരങ്ങളും നിർത്തലാക്കാൻ തീരുമാനിച്ചു. 1917-ലെ പുതിയ ഭരണഘടന പ്രാബല്യത്തിലാക്കാൻ തീരുമാനിച്ചതോടെ മെക്സിക്കോ ആ രാജ്യം കണ്ട ഏറ്റവും വലിയ രക്തരൂക്ഷവിപ്ലവത്തിനു സാക്ഷിയായി. 1926 മുതൽ 1929 വരെ നടന്ന ക്രിസ്റ്റോ യുദ്ധത്തിൽ (Cristero War) രണ്ടര ലക്ഷം കത്തോലിക്കർക്കാണ് ജീവൻ നഷ്ടമായത്.

1927 ജൂൺ ഇരുപത്തിയഞ്ചാം തീയതി ജോസ മരിയ അച്ചന്‍ വീട്ടിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുമ്പോൾ സൈനികർ ഭവനത്തിൽ അതിക്രമിച്ചു കടന്ന്, നിയമം ലംഘിച്ചു എന്ന കാരണത്താൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. മരണശിക്ഷയാണ് സർക്കാർ അദ്ദേഹത്തിനു വിധിച്ചത്. അടുത്ത ദിവസം രാവിലെ സമീപത്തുള്ള ഓക്കു മരത്തിൽ തൂക്കിലേറ്റാൻ മുപ്പത്തിയൊമ്പതുകാരനായ ജോസ് മരിയ അച്ചനെ കൊണ്ടുവന്നു. ആസന്നമായ മരണത്തിനു മുഖാഭിമുഖം നിൽക്കുമ്പോഴും തന്നെ തൂക്കിലേറ്റുന്നവരോടു അനുകമ്പ മാത്രമാണ് ജോസ് മരിയ അച്ചന് ഉണ്ടായിരുന്നത്. തന്നെ തൂക്കിലേറ്റുന്നതിന്റെ കുറ്റബോധം, വിധി നടപ്പാക്കുന്നവർക്കുണ്ടാകാതിരിക്കാൻ കഴുത്തിൽ കുരിക്കിടാൻ തന്നെ സ്വയം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കയര്‍ സ്വീകരിച്ച ജോസ് മരിയ അച്ചന്‍ അവയിൽ ചുംബിച്ചതിനുശേഷം ഈശോയുടെ തിരുഹൃദയത്തോടൊപ്പമായിരിക്കാൻ അവ കഴുത്തിലണഞ്ഞു. അത് കണ്ടുനിന്നിരുന്നവർ വാവിട്ടു കരഞ്ഞുകൊണ്ട് ജോസ് മരിയ അച്ചനെ യാത്രയാക്കി.

ഈശോയുടെ തിരുഹൃദയത്തിന്റെ ഭ്രാന്തനായ ജോസ് മരിയ റോബൽസ് ഹുർതാദോയെ 2000 മെയ് 21-ന് ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഫാ. ജയ്സൺ കുന്നേൽ MCBS

One thought on “ഈശോയുടെ തിരുഹൃദയ ഭക്തിയുടെ ഭ്രാന്തനായ വൈദികൻ

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: